عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«قَالَ اللَّهُ تَعَالَى: ثَلاَثَةٌ أَنَا خَصْمُهُمْ يَوْمَ القِيَامَةِ: رَجُلٌ أَعْطَى بِي ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ، وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ وَلَمْ يُعْطِهِ أَجْرَهُ».

[صحيح] - [رواه البخاري] - [صحيح البخاري: 2270]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
അല്ലാഹു പറഞ്ഞിരിക്കുന്നു: "ഖിയാമത്ത് നാളിൽ മൂന്ന് കൂട്ടരുടെ എതിരാളി ഞാനായിരിക്കും: എന്റെ പേരിൽ കരാർ നൽകുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തവൻ, സ്വതന്ത്രനായ ഒരാളെ വിൽക്കുകയും അതിൽ നിന്നുള്ള പണം കൊണ്ട് ഭക്ഷിക്കുകയും ചെയ്തവൻ, ഒരു തൊഴിലാളിയെ വാടകയ്‌ക്കെടുത്ത് അവനെ കൊണ്ട് പൂർണ്ണമായി ജോലിയെടുപ്പിക്കുകയും ശേഷം അവന് കൂലി നൽകാതിരിക്കുകയും ചെയ്തവൻ."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2270]

വിശദീകരണം

അല്ലാഹു പറഞ്ഞതായി നബി (ﷺ) അറിയിക്കുന്നു: മൂന്ന് വിഭാഗം ആളുകളുടെ എതിരാളി ഖിയാമത്ത് നാളിൽ ഞാനായിരിക്കും. ഞാൻ ആരുടെയെങ്കിലും എതിരാളിയായാൽ അവനെ ഞാൻ പരാജയപ്പെടുത്തുക തന്നെ ചെയ്യും: ഒന്നാമത്തെയാൾ: അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യുകയോ കരാർ നൽകുകയോ ചെയ്യുകയും, പിന്നീട് അത് ലംഘിക്കുകയും വഞ്ചന കാണിക്കുകയും ചെയ്തവൻ. രണ്ടാമത്തെയാൾ: സ്വതന്ത്രനായ ഒരു മനുഷ്യനെ അടിമയാണെന്ന വ്യാജേന വിൽക്കുകയും, അതിൽ നിന്നുള്ള പണം കൊണ്ട് ഭക്ഷിക്കുകയും അതുകൊണ്ട് ജീവിക്കുകയും ചെയ്തവൻ. മൂന്നാമത്തെയാൾ: ഒരു ജോലിക്കായി തൊഴിലാളിയെ വിളിക്കുകയും, അവനെ കൊണ്ട് പൂർണ്ണമായി ജോലിയെടുപ്പിച്ച ശേഷം അവന് കൂലി നൽകാതിരിക്കുകയും ചെയ്തവൻ.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
  2. സിൻദി -رَحِمَهُ اللَّهُ- പറഞ്ഞു: "ഈ മൂന്ന് പേരെ മാത്രം എടുത്തു പറഞ്ഞത് അവർക്ക് മാത്രമാണ് ഈ പറഞ്ഞത് ബാധകം എന്ന അർത്ഥത്തിലല്ല എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. കാരണം അല്ലാഹു എല്ലാ അക്രമികളുടെയും എതിരാളിയാണ്. എന്നാൽ, ഈ മൂന്ന് വിഭാഗത്തോടുള്ള അവൻ്റെ എതിർപ്പ് ശക്തവും കഠിനവുമാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനാണ്."
  3. ഇബ്നുൽ ജൗസി -رَحِمَهُ اللَّهُ- പറഞ്ഞു: "സ്വതന്ത്രനായ മനുഷ്യൻ അല്ലാഹുവിൻ്റെ അടിമയാണ്. അവനോട് ആരെങ്കിലും അതിക്രമം കാണിച്ചാൽ, അവന്റെ യജമാനനായ അല്ലാഹു ആയിരിക്കും (അക്രമിയുടെ) എതിരാളി."
  4. ഖത്ത്വാബി -رَحِمَهُ اللَّهُ- പറഞ്ഞു: "സ്വതന്ത്രനെ അടിമയാക്കുന്നത് രണ്ട് വിധത്തിലാണ്: ഒന്ന്, അവനെ മോചിപ്പിച്ച ശേഷം അത് മറച്ചുവെക്കുകയോ നിഷേധിക്കുകയോ ചെയ്യുക. രണ്ട്, മോചിപ്പിച്ച ശേഷം അവനെ നിർബന്ധിച്ച് ജോലി ചെയ്യിക്കുക. ഇതിൽ ആദ്യത്തേതാണ് കൂടുതൽ കഠിനം." ഞാൻ (ഖത്താബി) പറയട്ടെ: ഈ ഹദീഥിൽ പറഞ്ഞ കാര്യമാണ് അതിലേറെ കഠിനം. കാരണം, അടിമമോചനം മറച്ചുവെക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനൊപ്പം അവനെ വിൽക്കുകയും ആ വില ഭക്ഷിക്കുകയും ചെയ്യുക എന്നത് കൂടുതൽ കടുപ്പമുള്ളതാണ്. അതിനാലാണ് ഈ പ്രവൃത്തിക്ക് ശക്തമായ താക്കീത് വന്നത്."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ