____
[] - []
المزيــد ...
അബൂ അബ്ദിറഹ്‌മാൻ അബ്ദുല്ലാഹ് ഇബ്നു ഉമർ ഇബ്നുൽ ഖത്വാബ്
(رضي الله عنه) നിവേദനം: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു:
"ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."
[സ്വഹീഹ്] - [رواه البخاري ومسلم] - [الأربعون النووية - 3]
അഞ്ച് തൂണുകൾക്ക് മേൽ കൃത്യമായി കെട്ടിയുയർത്തപ്പെട്ട ഒരു ഭവനത്തോട് ഇസ്‌ലാമിനെ നബി -ﷺ- സാദൃശ്യപ്പെടുത്തുന്നു ഈ ഹദീഥിൽ. ഈ അഞ്ച് കാര്യങ്ങൾക്ക് പുറമെയുള്ള കാര്യങ്ങൾ ഇസ്‌ലാമിൻ്റെ പൂർത്തീകരണത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. ഒരു കെട്ടിടത്തിന്റെ പൂർത്തീകരണത്തിന് ആവശ്യമായ മറ്റു കാര്യങ്ങൾ പോലെ ഒന്നാമത്തെ സ്തംഭം: രണ്ട് സാക്ഷ്യവചനങ്ങൾ; ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന സാക്ഷ്യങ്ങൾ. ഈ രണ്ട് സാക്ഷ്യങ്ങളും ഒരു സ്തംഭമാണ്. അവയിൽ ഒന്നിനെ മറ്റൊന്നിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ല. അല്ലാഹുവിൻ്റെ ഏകത്വവും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നതും, അവന് പുറമെയുള്ള ഒരാൾക്കും ആരാധനകൾക്ക് അർഹതയില്ല എന്നുമുള്ള കാര്യം വിശ്വസിച്ചംഗീകരിച്ചു കൊണ്ടും, അതിൻ്റെ താൽപ്പര്യങ്ങൾ ജീവിതത്തിൽ പാലിച്ചു കൊണ്ടും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റിക്കൊണ്ടുമാണ് ഈ സാക്ഷ്യവചനങ്ങൾ ഒരാൾ ഉച്ചരിക്കേണ്ടത്. രണ്ടാമത്തെ സ്തംഭം: നിസ്കാരം നിലനിർത്തലാണ്. രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളായ സുബ്ഹ്, ദ്വുഹർ, അസ്വർ, മഗ്‌രിബ്, ഇശാഅ് എന്നിവ അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധ കർമ്മങ്ങളും പാലിച്ചു കൊണ്ട് നിർവ്വഹിക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. മൂന്നാമത്തെ സ്തംഭം: നിർബന്ധ ദാനമായ സകാത്ത് നൽകൽ. നിശ്ചിത അളവെത്തിയ നിർണ്ണിത സമ്പത്തുകളിൽ നിന്ന് നിർബന്ധമായും നൽകേണ്ട ദാനമാണ് സകാത്ത്. ഈ സമ്പത്തിന് അർഹതയുള്ളവർക്കാണ് അത് നൽകേണ്ടത്. നാലാമത്തെ സ്തംഭം: ഹജ്ജ്; അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമായ ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കുക എന്ന ഉദ്ദേശ്യത്തോടെ മക്കയെ ലക്ഷ്യം വെച്ചു പുറപ്പെടലാണത്. അഞ്ചാമത്തെ സ്തംഭം: റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കൽ. ഭക്ഷണപാനീയങ്ങളിൽ നിന്നും നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങളിൽ നിന്നും പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനുള്ള ആരാധനയെന്ന ഉദ്ദേശത്തോട് കൂടി വിട്ടുനിൽക്കുകഎന്നതാണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.